ഫ്രഷ് കട്ടിനെതിരായ ജനകീയ പ്രതിഷേധം; എസ്ഡിപിഐ ആക്രമികൾ കലാപം അഴിച്ചുവിട്ടു: സിപിഎം
Wednesday, October 22, 2025 9:24 PM IST
കോഴിക്കോട്: ഫ്രഷ്കട്ട് കോഴിയറവ് മാലിന്യസംസ്കരണ പ്ലാന്റിനുനേരെ നടന്ന സമരം അക്രമാസക്തമായതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് സിപിഎം. അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനുനേരെ കഴിഞ്ഞദിവസം നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞുകയറി.
ഇവർ കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ചവരാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.
നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.