ഇടിവെട്ടി മഴയെത്തും; ഗോഹട്ടി മത്സരം തടസപ്പെട്ടേക്കാം
Sunday, October 2, 2022 12:09 PM IST
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം മഴ ഭീഷണിയിൽ. ഗോഹട്ടിയിലെ മത്സരം മഴ മൂലം തടസപ്പെട്ടേക്കാം. ഇടിയോടുകൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മൂന്ന് മണിക്കൂർ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. ബർസപാര സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നെങ്കിലും മത്സരം നടക്കാതിരിക്കാനാണ് സാധ്യത. ഇവിടെ നടന്ന അവസാന രാജ്യാന്തര മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.
അതേസമയം, മഴ പെയ്താൽ സമയനഷ്ടം കൂടാതെ കളി പുനരാരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ആസാം ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) യുഎസിൽ നിന്ന് രണ്ട് വളരെ ഭാരം കുറഞ്ഞ പിച്ച് കവറുകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്ത കവറുകൾ പിച്ചിൽ വെള്ളമോ ഈർപ്പമോ കടക്കില്ലെന്ന് ഉറപ്പാക്കുമെന്ന് എസിഎ സെക്രട്ടറി ദേവജിത് സായികിയ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ആദ്യമത്സരത്തിൽ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ, മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അങ്ങനെയെങ്കിൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം ട്വന്റി-20 പരമ്പരനേട്ടം ആകുമത്.