മാവോയിസ്റ്റ് ബന്ധം: പ്രഫസർ സായിബാബ നിരപരാധിയെന്ന് കോടതി
Friday, October 14, 2022 12:04 PM IST
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ നിരപരാധിയെന്ന് വിധിച്ച് ബോംബെ ഹൈക്കോടതി.
2014-ൽ രജിസ്റ്റർ ചെയ്ത കേസിൽ സായിബാബയും മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരല്ലെന്നും മറ്റ് കേസുകൾ നിലവില്ലെങ്കിൽ ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് കോടതി അറിയിച്ചു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയിരുന്നു. 2017-ൽ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ നൽകിയ അപ്പീലിലാണ് പുതിയ വിധി വന്നിരിക്കുന്നത്.
ഇംഗ്ലീഷ് അധ്യാപകനായ സായിബാബ ശാരീരിക അസ്വസ്ഥതകൾ മൂലം ചക്രക്കസേര ഉപയോഗിക്കുന്ന വ്യക്തിയാണ്. കേസിലെ മറ്റ് പ്രതികളായ മഹേഷ് ടിർക്കി, ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിർക്കി എന്നിവർക്കൊപ്പം നാഗ്പൂർ സെൻട്രൽ ജയിലിലാണ് സായിബാബയെ പാർപ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പി.പി. നരോട്ടെ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു.
സായിബാബയുടെ അറസ്റ്റിനെതിരെ മനുഷ്യാവകാശ സംഘടനകൾ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മോദി സർക്കാരിന്റെ കിരാതനടപടിക്ക് വിധേയനായ വ്യക്തിയാണ് സായിബാബയെന്നാണ് ഇവർ ആരോപിച്ചിരുന്നത്.