മണ്ഡല മകരവിളക്ക്; ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി
Friday, November 25, 2022 10:36 PM IST
പമ്പ: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി.
പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഇവിടങ്ങളില്‍ ഇതുവരെ 272 പരിശോധനകളാണ് നടത്തിയത്. 187 സാമ്പിളുകള്‍ ശേഖരിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നോട്ടീസ് നല്കി. അഞ്ച് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി.
കോട്ടയം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന എരുമേലിയില്‍ 149 പരിശോധനകള്‍ നടത്തി. 25 സാമ്പിളുകള്‍ ശേഖരിച്ചു. ഇത് വരെ 33 മുന്നറിയിപ്പ് നോട്ടീസുകളും ഒരു പിഴയീടാക്കല്‍ നോട്ടീസും നല്കി.
വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ നടത്തുമെന്നും വരുന്ന പരാതികള്‍ അടിയന്തര പ്രാധാന്യം നല്കി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.