മാന്‍ഡോസ് വരുന്നു; 16 വിമാന സർവീസുകൾ റദ്ദാക്കി
Friday, December 9, 2022 5:43 PM IST
ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ 16 വിമാന സർവീസുകൾ റദ്ദാക്കി. മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർഥിക്കുന്നതായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ട്വീറ്റ് ചെയ്തു.
മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, വില്ലപുരം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിലെ സ്കൂളുകളും കോളജുകളും അടച്ചു. ചുഴലിക്കാറ്റിന് പുറമെ കനത്ത മഴയും പ്രവചിക്കപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് അർധരാത്രിയോടെ തീരം തൊടും. ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കു സമീപമുള്ള മഹാബലിപുരത്തു കൂടിയാകും കര തൊടുന്നതിനു തുടക്കമാവുകയെന്നാണു സൂചന.
ചെന്നൈയിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കര കടക്കുമ്പോള്‍ 70 മുതല്‍ 85 കിലോമീറ്റര്‍ വേഗത്തിൽ ആഞ്ഞുവീശും.