"എന്‍റെ സാരഥി മരണപ്പെട്ടു, ഉൾക്കൊള്ളാനാവുന്നില്ല': പേഴ്സണൽ സ്റ്റാഫിന്റെ മരണത്തിൽ മാണി സി. കാപ്പൻ
സ്വന്തം ലേഖകൻ
Saturday, December 24, 2022 12:40 PM IST
കോട്ടയം: ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ പേഴ്സണൽ സ്റ്റാഫ് മരണപ്പെട്ട വാർത്ത ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. സംഭവത്തിൽ അതിയായ ദുഖമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മാണി സി. കാപ്പൻ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
എന്‍റെ പേഴ്സണൽ സ്റ്റാഫും യാത്രകളിൽ സഹായി ആയും സാരഥിയായും കൂടെയുണ്ടായിരുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ, രാഹുൽ ജോബി ഏറ്റുമാനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന വാർത്ത പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് ആയിട്ടില്ല. വാഹനം ഓടിക്കുമ്പോൾ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോൾ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിർത്തിയിരുന്നു.
ഒരു പൊതുപ്രവർത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എൻറെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്. തകർന്ന മനസ്സുമായി ഇരിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോട് പറയുവാൻ അർത്ഥവത്തായ ആശ്വാസവാക്കുകൾ ഇല്ല എന്നറിയാം... പ്രിയ രാഹുലിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.. ആദരാഞ്ജലികൾ.