വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എംപിയുടെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു
Wednesday, January 25, 2023 9:37 PM IST
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള നാലു പ്രതികളുടെ തടവു ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. മുഹമ്മദ് ഫൈസല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി വിചാരണക്കോടതിയുടെ നടപടിയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ മുഹമ്മദ് ഫൈസലിന് ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത നിലനില്‍ക്കില്ല.
ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും ജയിച്ചു വരുന്ന വ്യക്തിക്ക് ഒന്നര വര്‍ഷത്തില്‍ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തിയാണ് അയോഗ്യത ഒഴിവാക്കാന്‍ കഴിയുന്ന തരത്തില്‍ ഹൈക്കോടതി ഉത്തരവു നല്‍കിയത്. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതും തുടര്‍ന്നു കോടതി വിധിച്ച തടവുശിക്ഷയും അപ്പീലില്‍ തീര്‍പ്പ് ഉണ്ടാകും വരെ സസ്പെന്‍ഡ് ചെയ്തു.
പിഴത്തുകയായ ഒരു ലക്ഷം രൂപ രണ്ടാഴ്ചയ്ക്കകം കെട്ടിവയ്ക്കണം. മറ്റു പ്രതികളുടെ ശിക്ഷയും അപ്പീല്‍ തീര്‍പ്പാകും വരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരും പിഴത്തുകയായ ഓരോ ലക്ഷം രൂപ വീതം രണ്ടാഴ്ചയ്ക്കകം കെട്ടിവയ്ക്കണം. പ്രതികള്‍ 50,000 രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും കവരത്തി സെഷന്‍സ് കോടതിയില്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന് മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി സെഷന്‍സ് കോടതി പത്തു വര്‍ഷം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതികളായ മുഹമ്മദ് ഫൈസല്‍, സയിദ് മുഹമ്മദ് നൂറുല്‍ അമീന്, മുഹമ്മദ് ഹുസൈന് തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ നല്കി അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഇടക്കാല ഉത്തരവു നല്‍കിയത്.