കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം: അടൂര്‍ രാജിക്കൊരുങ്ങുന്നതായി സൂചന
Tuesday, January 31, 2023 8:35 AM IST
തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചേക്കും. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളജില്‍ ജാതിവിവേചനം നടക്കുന്നതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. സമരത്തിന്‍റെ 50-ാം ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ സ്വയം രാജിവച്ചൊഴിഞ്ഞിരുന്നു.
ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനും രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. ശങ്കര്‍ മോഹന്‍റെ രാജിയോട് അനുഭാവം പ്രകടിപ്പിച്ച് 11 പേരാണ് ഇതുവരെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രാജിവച്ചത്.