കുണ്ടന്നൂരിലെ സ്ഫോടനം: വെടിക്കെട്ടുപുര അനുമതിയില്ലാതെ പ്രവർത്തിച്ചതാണെന്ന് കണ്ടെത്തൽ
Tuesday, January 31, 2023 10:30 PM IST
വടക്കാഞ്ചേരി: സ്ഫോടനം നടന്ന കുണ്ടന്നൂരിലെ വെടിക്കെട്ടുപുര അനുമതിയില്ലാതെ പ്രവർത്തിച്ചതാണെന്ന് കണ്ടെത്തൽ. അപകടം സംഭവിച്ചത് താൽക്കാലികമായി കെട്ടിയ ഷെഡിലാണെന്നും ഇത് അനുമതിയില്ലാതെയാണ് നിർമിച്ചതെന്നും ഡെപ്യൂട്ടി കളക്ടർ യമുനാദേവി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചാണ് ഡെപ്യൂട്ടി കളക്ടർ വിവരങ്ങൾ ശേഖരിച്ചത്.
അനുവദനീയമായതിനേക്കാൾ കൂടുതൽ അളവിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡും ഫോറൻസിക് അധികൃതരും സ്ഥലം പരിശോധിച്ചു.
വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസൻ എന്നയാളുടെ ലൈസൻസിലുള്ള വെടിക്കെട്ട് നിർമാണ ശാലയിലാണ് തിങ്കളാഴ്ച വൈകീട്ട് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മണികണ്ഠൻ ഇന്ന് മരിച്ചു.
മറ്റു തൊഴിലാളികൾ കുളിക്കാനായി പോയ സമയത്തായിരുന്നു വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചത്. തീയണക്കാൻ ശ്രമിക്കുന്നതിനിടെയാണ് മണികണ്ഠന് പൊള്ളലേറ്റത്.