വിസി പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; സിസ തോമസിനെ മാറ്റണമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്
Wednesday, February 8, 2023 1:31 PM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി സിസ തോമസിനെതിരെ സിന്‍ഡിക്കേറ്റ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്ക്കുന്ന വിസിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
സിന്‍ഡിക്കേറ്റിന്റെയും ബോര്‍ഡ് ഓഫ് ഗവര്ണന്സിന്റെയും പല തീരുമാനങ്ങളിലും സിസാ തോമസ് ഒപ്പ് വയ്ക്കുന്നില്ല. ഇത് മൂലം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ നിലയിലാണ്.
വിദ്യാര്‍ഥികളുടെ സപ്ലിമെന്ററി പരീക്ഷകള്‍ നടത്താനാകാത്ത സ്ഥിതിയാണ്. ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിഎച്ച്ഡി പ്രവേശനം മുടങ്ങിയെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു. വിസിയെ എത്രയും വേഗം മാറ്റാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ഡോ.സിസ തോമസിനെ ഗവര്‍ണര്‍ താത്ക്കാലിക വിസിയായി നിയമിച്ചത്.