അങ്കാറ: തുർക്കി, സിറിയ ഭൂകമ്പങ്ങളിൽ മരണസംഖ്യ 16,000 കടന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി തെരച്ചില്‍ നടത്തുന്നത്. കനത്ത മഞ്ഞുവീഴ്ചയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള നീക്കത്തിലാണ് രക്ഷാപ്രവര്‍ത്തകർ.

അതേസമയം, ദുരിതാശ്വാസ, ജീവന്‍രക്ഷാ ഉപകരണങ്ങളുമായി ആറ് വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് ഇന്ത്യ അയച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ഇന്ത്യൻ വ്യവസായിയെ കാണാതായിട്ടുണ്ട്. കൂടാതെ, പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.