തുർക്കി ഭൂകമ്പം; കരാറുകാരെ അറസ്റ്റ് ചെയ്ത് സർക്കാർ
Sunday, February 12, 2023 6:15 PM IST
അങ്കാര: 28,000-ത്തിലേറെ പേർ കൊല്ലപ്പെട്ട ഭൂകമ്പത്തിൽ ജനരോഷം അടക്കാനുള്ള നടപടികളുമായി തുർക്കി സർക്കാർ. വൻ തോതിലുള്ള നാശനഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം മന്ദഗതിയിൽ പുരോഗമിക്കുന്നതിനിടെ, തകർന്നുവീണ കെട്ടിടങ്ങൾ നിർമിച്ച കരാറുകാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങി.
ഭൂകമ്പ പ്രതിരോധ നിർമാണ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റം ആരോപിച്ച് ഭരണകൂടം 130 കരാറുകാരെ അറസ്റ്റ് ചെയ്തു. നിരവധി പേർക്ക് സമൻസ് നൽകി. അറസ്റ്റ് ഭയന്ന് നിരവധി കരാറുകാർ രാജ്യം വിടാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഭൂകമ്പം പ്രതിരോധിക്കാനുള്ള രീതിയിൽ കെട്ടിടങ്ങൾ നിർമിക്കണമെന്ന് ചട്ടം തുർക്കിയിൽ ഉണ്ടെങ്കിലും ഇവ മിക്കപ്പോഴും പാലിക്കാറില്ല. വേണ്ടത്ര അകലം പാലിക്കാതെ മുട്ടിയുരുമ്മുന്ന രീതിയിൽ കെട്ടിടങ്ങൾ നിർമിച്ചവരെയും ഭൂകമ്പ പ്രതിരോധ നിർമാണ സാമഗ്രികൾ ഉപയോഗിക്കാത്തവരെയുമാണ് കസ്റ്റഡിയിലെടുത്തത്.
എന്നാൽ ഇത്തരം നിർമിതികൾ കെട്ടിപ്പൊക്കാൻ അനുവാദം നൽകിയ ഉദ്യോഗസ്ഥർക്കും സഹായികൾക്കുമെതിരെ സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല.