സര്‍ക്കാരിനെ വിമര്‍ശിച്ചു; നിക്കരാഗ്വയില്‍ കത്തോലിക്കാ ബിഷപ്പിന് 26 വര്‍ഷത്തെ തടവ് ശിക്ഷ
Monday, February 13, 2023 2:41 PM IST
മനാഗ്വ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ്പിന് 26 വര്‍ഷത്തെ തടവ് ശിക്ഷ. ബിഷപ്പ് റോളാന്‍ഡോ അല്‍വാരെസിനെയാണ് ദേശദ്രോഹക്കുറ്റം ചുമത്തി ശിക്ഷയ്ക്ക് വിധിച്ചത്. ഇദ്ദേഹത്തെ മൊഡേലേയിലെ ജയിലിലടച്ചു.
നിക്കരാഗ്വയിലെ പ്രസിഡന്‍റ് ഡാനിയല്‍ ഒര്‍ട്ടേഗയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിനാണ് ബിഷപ്പിനും വൈദികര്‍ക്കും എതിരെ നടപടി സ്വീകരിച്ചത്. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാല് വൈദികര്‍ക്കും മൂന്ന് വൈദികവിദ്യാര്‍ഥികള്‍ക്കും പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റ് തടവുകാര്‍ക്കൊപ്പം ഇവരെ യുഎസിലെ ജയിലിലേക്ക് മാറ്റി.
ബിഷപ്പിന്‍റെ വിമര്‍ശനത്തിന് പിന്നാലെ മറ്റഗല്‍പ രൂപതയുടെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്‌റ്റേഷനുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ബിഷപ്പിന്‍റെ നിക്കരാഗ്വ പൗരത്വവും പ്രസിഡന്‍റ് റദ്ദാക്കി.
സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാന്‍ സ്ഥാനപതിയെയും മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങളെയും കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.