ജീവൻ മുറുകെ പിടിച്ചത് 178 മണിക്കൂറുകൾ; നാലു വയസുകാരിയെ പുറത്തെടുത്തു
Tuesday, February 14, 2023 3:03 PM IST
അങ്കാറ: മരണസംഖ്യ 37,000 പിന്നിട്ടു, തകർന്നടിഞ്ഞത് ആറായിരത്തോളം കെട്ടിടങ്ങൾ. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കെടുതികളിൽ വലയുകയാണ് തുർക്കി. തുർക്കിയിലെ കാഴ്ചകൾ ലോകത്തിന്റെ നെഞ്ചുലയ്ക്കുന്നു. എന്നാൽ കണ്ണീരിൽ കുതിർന്ന മണ്ണിൽ നിന്നും വിശ്വാസത്തെ മുറുകെ പിടിക്കാൻ പ്രചോദനമാവുന്ന അതിജീവന കഥകളും വരുന്നു.
അദിയാമാനിൽ നഗരത്തിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലു വയസുകാരിയെ 178 മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച പുറത്തെടുത്തു. മിറേ എന്ന പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടിയെ പുറത്തെടുത്തപ്പോൾ കൈയടിച്ചും ആരവത്തോടെയുമാണ് ജനക്കൂട്ടം സ്വീകരിച്ചത്.
182 മണിക്കൂറോളം കുടുങ്ങിയ 13 വയസുള്ള ആൺകുട്ടി ഉൾപ്പെടെ നിരവധി പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തി. ദിവസങ്ങൾ പിന്നിടുന്തോറും ആളുകളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത പരിമിതമാകുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലുള്ള മിറെയുടെ മൂത്ത സഹോദരിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തമാണ് തുർക്കിയേയും സിറിയയേയും കുലുക്കിയ ഭൂചലനം. സിറിയയിൽ മരണം 3500 പിന്നിട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു വിവിധ ഏജൻസികൾ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്നത്.
ഭൂകന്പത്തിൽനിന്നു രക്ഷപ്പെട്ടവർ ഭക്ഷണത്തിനും പാർപ്പിടത്തിനുമായി ബുദ്ധിമുട്ടുകയാണ്. കൊടും ശൈത്യമാണ് ഏറ്റവും വലിയ വെല്ലുവിളി. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ കാഹ്റമാൻമറാസിൽ 30,000 ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 48,000 പേർ സ്കൂളുകളിലും 15,000 പേർ സ്പോർട്സ് ഹാളുകളിലുമാണ് കഴിയുന്നത്.
തുർക്കിയിൽ മാത്രം 108,000 കെട്ടിടങ്ങൾ തകർന്നു. ആഭ്യന്തരയുദ്ധം തകർത്ത സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനം ഫലവത്താകുന്നില്ല.