ബിആർഎസ് നേതാവിനെതിരായ പരാമർശം: ശർമിളയെ അറസ്റ്റ് ചെയ്തു
Sunday, February 19, 2023 6:50 PM IST
ഹൈദരാബാദ്: ബിആർഎസ് എംഎൽഎയ്ക്കെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവ് വൈ.എസ്. ശർമിളയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി മെഹ്ബൂബാബാദിലെ പ്രജാ പദയാത്ര വേദിയിൽ നിന്നും ശർമിളയെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് മാറ്റി.
മെഹ്ബൂബാബാദ് എംഎൽഎ ബാനോത് ശങ്കർ നായ്ക്കിനെതിരെ ശർമിള കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നായ്ക്കിന്റെ പത്നിയുടെ നേതൃത്വത്തിലുള്ള ബിആർഎസ് സംഘം ശർമിളയുടെ പദയാത്രയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ശർമിളയുടെ കാറിന് നേർക്ക് കല്ലേറുണ്ടായി.
നായ്ക്കിനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ തെലുങ്കാനയെ അഫ്ഗാനിസ്ഥാനോട് ഉപമിച്ച് ശർമിള നടത്തിയ പരാമർശം കാര്യങ്ങൾ കൂടുതൽ വഷളാക്കി. ബിആർഎസ് താലിബാന് സമമാണെന്നും തെലുങ്കാനയിൽ ഭരണഘടനയക്ക് യാതൊരു വിലയുമില്ലെന്നും ശർമിള ആരോപിച്ചു.
ഇതോടെയാണ് ക്രമസമാധാനം തകർക്കാനുള്ള ശ്രമത്തിന്റെ പേരിൽ ഐപിസി 504-ാം വകുപ്പ് പ്രകാരം ശർമിളയ്ക്കെതിരെ കേസെടുത്തത്. നായ്ക്കിനെതിരായ പരാമർശത്തിൽ എസ്സി എസ്ടി പീഡനനിരോധന വകുപ്പ് പ്രകാരമുള്ള കുറ്റവും ശർമിളക്കെതിരെ ചുമത്തി.