തൃശൂരില്‍ മര്‍ദനത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു; പ്രതികള്‍ ഒളിവില്‍
Tuesday, March 7, 2023 2:25 PM IST
തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍പ്പ് സ്വദേശി സഹര്‍(32) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ മാസം 18ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. രാത്രി അസമയത്ത് ഇവിടെ കണ്ടെന്ന് പറഞ്ഞ് ചിലര്‍ ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
മര്‍ദനമേറ്റ ഇയാള്‍ പിന്നീട് വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചെ വേദനകൊണ്ട് നിലവിളിച്ചതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ ഐസിയുവിലേക്ക് മാറ്റി.
ഇയാളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതികളായ ആറ് പേരും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.