കെസിആറിനെതിരേ ഡൽഹിയിൽ പ്രതിഷേധം; വൈ.എസ്.ശർമിള അറസ്റ്റിൽ
Tuesday, March 14, 2023 3:37 PM IST
ന്യൂഡൽഹി: വൈഎസ്ആർടിപി അധ്യക്ഷ വൈ.എസ്.ശർമിളയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തവേയാണ് ശർമിളയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശർമിളയെ പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തെലുങ്കാനയിലെ കലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞാഴ്ചയും സർക്കാരിനെതിരേ പ്രതിഷേധിച്ചതിന് തുടർന്ന് ശർമിളയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെലുങ്കാനയിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു ധർണ നടത്തി ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡിയുടെ ഇളയ സഹോദരിയാണ് ശർമിള.