ടി.പിയെ കൊന്നിട്ടും സിപിഎമ്മിന് കെ.കെ.രമയോടുള്ള കലിയടങ്ങിയിട്ടില്ല: വി.ഡി.സതീശൻ
Saturday, March 18, 2023 2:34 PM IST
തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയ്ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ടി.പി.ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും സിപിഎമ്മിന് കെ.കെ.രമയോടുള്ള കലിയടങ്ങിയിട്ടില്ലെന്നും വിധവയായ ഒരു സ്ത്രീക്കെതിരേ ഇത്തരത്തിൽ പ്രവർത്തിക്കുന്നതും ആക്ഷേപിക്കുന്നതും ജനങ്ങൾ കാണുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
രമയ്ക്ക് എല്ലാവിധ സംരക്ഷണവും പിന്തുണയും യുഡിഎഫ് ഉറപ്പുവരുത്തുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പൊട്ടൽ ഇല്ലാത്ത കൈയിലാണ് രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പരിഹാസം. രമയ്ക്കെതിരായ സച്ചിൻ ദേവ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആയിരുന്നു ഗോവിന്ദന്റെ പ്രസ്താവന.