സ്വകാര്യ വനം പതിച്ചുനൽകൽ: 50 സെന്റ് വരെയുള്ള ഭൂമിക്ക് കൈവശരേഖ
Tuesday, March 21, 2023 8:56 PM IST
തിരുവനന്തപുരം: വ്യക്തികൾ കൈവശം വച്ചിട്ടുള്ള 50 സെന്റ് വരെ (20 ആർ)യുള്ള സ്വകാര്യവനഭൂമിക്ക് കൈവശരേഖ നൽകും. ഇത്തരം ഭൂമിയിൽ താമസയോഗ്യമായ വീടുകളുള്ള ഭൂ ഉടമകൾക്കാണ് ഇളവ് ലഭിക്കുക.
ഇതിനായി തയാറാക്കിയ 2023 ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും) ഭേദഗതി ബിൽ നിയമസഭ പാസാക്കി. കൈവശഭൂമിക്ക് കർഷകർ ഹാജരാക്കുന്ന രേഖ ’പരിഗണിക്കാവുന്ന തെളിവായി’ സ്വീകരിക്കും. ഇതുസംബന്ധിച്ച റവന്യൂ വകുപ്പിന്റെ നിർദേശങ്ങൾ വനംവകുപ്പ് അംഗീകരിച്ചതോടെയാണ് നിയമഭേദഗതി വരുത്തിയത്.