സ്പീക്കറുടെ മുഖം മറയ്ക്കുന്നത് പാർലമെന്ററി കീഴ്വഴക്കമാണോ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
Wednesday, March 22, 2023 8:15 PM IST
കണ്ണൂർ: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ബ്രഹ്മപുരം അടിയന്തര പ്രമേയമായി വന്നപ്പോൾ തദ്ദേശ മന്ത്രി മറുപടി പറഞ്ഞു. എന്നാൽ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി. എന്താണ് ഇതിന്റെ ഒക്കെ അർഥം. നിയമസഭയിൽ അതിന്റെതായ നടപടി ക്രമങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ മുദ്രാവാക്യത്തെ പറ്റി താൻ പറയുന്നില്ല. അത് അവരുടെ സംസ്കാരമാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അവസാന വാക്കിൽ എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി ഉണ്ടോയെന്ന് സ്പീക്കർക്ക് പറയാൻ അവസരം നൽകിയില്ല. ഇതാണ് സഭയിൽ ഉണ്ടായത്. സമാന്തര സഭ, സ്പീക്കറുടെ മുഖം മറയ്ക്കുന്നതുമൊക്കെ പാർലമെന്ററി കീഴ്വഴക്കമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സമവായ ശ്രമം ആണ് ഭരണപക്ഷം നടത്തിയത്. ഭരണ പക്ഷം പ്രകോപനം ഉണ്ടാക്കിയില്ല. വാച്ച് ആൻഡ് വാർഡിന് നേരെ ക്രൂരമായ ആക്രമണം അരങ്ങേറിയെന്ന പരാതി വന്നു. മര്യാദയോടെ അല്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്ന യുവതികളായ വാച്ച് ആൻഡ് വാർഡുണ്ട്. നമ്മുടെ നാടിനൊരു സംസ്കാരമുണ്ട്. അതിനു വിരുദ്ധമായാണ് പ്രതിപക്ഷം പ്രവർത്തിച്ചത്.
എങ്ങോട്ടാണ് പ്രതിപക്ഷത്തിന്റെ പോക്ക്. വാച്ച് ആൻ വാർഡിന്റെ ഔദ്യോഗിക കൃത്യം തടപ്പെടുത്തിയാൽ സ്വാഭാവിക നടപടി വരില്ലേ. ഇതാണോ സഭാ രീതി, സഭയിൽ സ്വീകരിക്കേണ്ടത് സഭ്യമായ രീതിയാണ്. സഭ്യമല്ലാത്ത രീതിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.