ജയിലിനെ പേടിയില്ല, ചോദ്യം ചോദിക്കുക തന്നെ ചെയ്യും: രാഹുൽ ഗാന്ധി
ജയിലിനെ പേടിയില്ല, ചോദ്യം ചോദിക്കുക തന്നെ ചെയ്യും: രാഹുൽ ഗാന്ധി
Saturday, March 25, 2023 1:49 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധിക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്‍റിൽ ചോദിച്ചു. അന്ന് മുതലാണ് തനിക്കെതിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു.

പാർലമെന്‍റിൽ സ്പീക്കറെ നേരിട്ട് കണ്ടിട്ട് പോലും തനിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല. മൂന്നുതവണ സ്പീക്കർക്ക് കത്ത് നൽകി. എന്നിട്ടും മറുപടിയില്ല. വിഷയത്തിലെ തന്‍റെ പ്രസംഗം രേഖകളിൽനിന്ന് നീക്കുകയും ചെയ്തു.

ചില മന്ത്രിമാർ തനിക്കെതിരേ നുണ പ്രചരിപ്പിക്കുകയാണ്. താൻ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് ഇവരുടെ ആരോപണം. രാജ്യത്തെ മറന്ന് അങ്ങനെയൊന്നും താൻ ചെയ്യില്ലെന്ന് ജനങ്ങൾക്ക് അറിയാം. എന്നാൽ അദാനിയെ കൂട്ടുപിടിച്ച് രാജ്യത്തിന് എതിരായി നിലകൊണ്ടത് മോദിയാണ്. ഇതിനെ ബിജെപി പിന്താങ്ങുകയാണെന്നും രാഹുൽ തുറന്നടിച്ചു.

"ഇവര്‍ എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും ഞാന്‍ എന്‍റെ ജോലി ചെയ്യും. ഞാന്‍ പാര്‍ലമെന്‍റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്‍റെ പ്രധാന കർത്തവ്യം' രാഹുൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<