കേരളത്തിൽ തൊഴിലില്ലായ്മ ഇല്ലാതാക്കും: മന്ത്രി വി. ശിവൻകുട്ടി
Wednesday, March 29, 2023 7:30 PM IST
തിരുവനന്തപുരം: വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കി 2026 ഓടെ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച മികവ് 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കുന്നതിനു ബജറ്റിൽ തുക വകയിരുത്തിയെന്നും മാതൃകപരമായ പ്രവർത്തനമാണ് മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
16 ബോർഡുകളിലായി 6.7ലക്ഷം തൊഴിലാളികൾക്ക് 25 കോടി രൂപയുടെ സഹായം വിതരണം ചെയ്യാൻ കഴിഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് ബോർഡുള്ളത്. തൊഴിലാളി അധ്വാനമാണ് ഭരണത്തുടർച്ചക്ക് കാരണമായതെന്ന ബോധ്യം സർക്കാരിനുണ്ട്. തൊഴിലാളി താൽപര്യം സംരക്ഷിച്ചു കൊണ്ടാണ് നിലവിൽ ഭരണം മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.