സൂര്യഗായത്രി വധം: പ്രതിക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം പിഴയും
Friday, March 31, 2023 4:44 PM IST
തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന് നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യഗായത്രിയെ വീടിനുള്ളിൽ കടന്ന് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് കേസിൽ വിധി പറഞ്ഞത്.
പിഴത്തുക സൂര്യഗായത്രിയുടെ മാതാപിതാക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രതിക്ക് മേൽ ചുമത്തിയിരുന്ന കുറ്റങ്ങളെല്ലാം തെളിഞ്ഞുവെന്നും പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയതെന്നും കോടതി നിരീക്ഷിച്ചു.
2021 ഓഗസ്റ്റ് 30-നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് മകളെ പ്രതി ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. 33 തവണ പ്രതി പെൺകുട്ടിയുടെ ശരീരത്തിൽ കുത്തിയെന്നാണ് പിന്നീട് കണ്ടെത്തിയത്.
അമ്മ വത്സലയ്ക്കും അച്ഛന് ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീടിനു മുന്നിലിരുന്ന ഭിന്നശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു.
നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. കൊലപാതകം, കൊലപാതകശ്രമം, ഭവന കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.
സൂര്യഗായത്രിയുടെ മാതാവ് വത്സല, പിതാവ് ശിവദാസൻ എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ. കേസിൽ ഇതുവരെ ജാമ്യം ലഭിക്കാതിരുന്ന പ്രതി അറസ്റ്റിലായ നാൾ മുതൽ ജയിലിലാണ്.