ബസുകളിൽ കാമറ: സമയപരിധി ജൂൺ 30 വരെ നീട്ടി
Friday, March 31, 2023 5:04 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
നിലവാരമുള്ള കാമറകളുടെ ദൗർലഭ്യവും കൂടുതല്‍ കാമറകള്‍ ആവശ്യമായി വന്നപ്പോൾ കമ്പനികൾ അമിതവില ഈടാക്കി നടത്തിയ ചൂഷണവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. മാത്രമല്ല, കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതും സമയപരിധി കൂട്ടാൻ കാരണമായി.
സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും കാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കാനാണ് ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറക്കിയത്. മാർച്ച് 31 വരെയായിരുന്നു ഇതിനായി നൽകിയിരുന്ന സമയപരിധി.