102 മത്സരം 103 ആയി; സ്റ്റാർ ഗ്രൂപ്പിൽ നിന്ന് ലഭിക്കാനുള്ള 78.90 കോടി എഴുതിത്തള്ളി ബിസിസിഐ
Monday, April 17, 2023 7:48 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര ടൂർണമെന്റുകളും സംപ്രേഷണം ചെയ്യാനുള്ള അവകാശം നൽകിയ വകയിൽ സ്റ്റാർ ഗ്രൂപ്പിൽ നിന്ന് ലഭിക്കേണ്ട തുകയിൽ നിന്ന് 78.90 കോടി രൂപ എഴുതിത്തള്ളി ബിസിസിഐ.
2018 -2023 കാലത്തെ മീഡിയ റൈറ്റ്സ് പ്രകാരം ലഭിക്കേണ്ട തുകയാണ് ബിസിസിഐ ഉപേക്ഷിച്ചത്. പ്രസ്തുത കാലയളവിൽ 102 മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. എന്നാൽ ആകെ സംഘടിപ്പിച്ച മത്സരങ്ങളുടെ എണ്ണം 103 ആയി ഉയർന്നു. അധികമായി നടന്ന ഒരു മത്സരത്തിന്റെ തുകയാണ് ബിസിസിഐ ഉപേക്ഷിച്ചത്.
2018 ഏപ്രിൽ അഞ്ചിന് ഒപ്പിട്ട കരാർ പ്രകാരം ആദ്യ വർഷം ഓരോ മത്സരത്തിനുമായി സംപ്രേഷണ തുകയായി സ്റ്റാർ ഗ്രൂപ്പ് ബിസിസിഐക്ക് നൽകിയത് 46 കോടി രൂപയാണ്. 2019-ൽ 47 കോടി രൂപയും 2020-ൽ 46 കോടി രൂപയുമാണ് പ്രതിമത്സര കരാർ തുക. 2021, 2022 സീസണുകളിൽ 77 കോടി, 78.90 കോടി രൂപ എന്നിങ്ങനെയാണ് സ്റ്റാർ ഗ്രൂപ്പ് നൽകിയിരുന്ന പ്രതിമകത്സര സംപ്രേഷണ തുക.
2023 - 2027 കാലഘട്ടത്തിലെ മത്സര സംപ്രേഷണാവകാശത്തിന്റെ വിൽപ്പന നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ബിസിസിഐയുടെ ഈ ഉദാരനീക്കം എത്തിയതെന്നത് ശ്രദ്ധേയമാണ്.