സന്ദീപ് വക സന്താപം; രാജസ്ഥാന് വീണ്ടും പരാജയം
Sunday, May 7, 2023 11:51 PM IST
ജയ്പുർ: അവസാന പന്തിലെ നോ ബോൾ നാടകത്തിൽ തട്ടിവീണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നാല് വിക്കറ്റിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്. 215 റൺസ് പിന്തുടർന്ന ഹൈദരാബാദ് നാടകീയമായി ആണ് വിജയം നേടിയത്.
സന്ദീപ് ശർമ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന പന്തിൽ, വിജയിക്കാനായി അഞ്ച് റൺസ് വേണ്ടിയിരുന്ന ഹൈദരാബാദിനായി മാർക്കോ ജാൻസൺ തൊടുത്ത ഷോട്ട് ലോംഗ് ഓഫ് ഫീൽഡർ പിടിച്ചെടുത്തിരുന്നു. ആഘോഷം തുടങ്ങിയ റോയൽസിനെ ഞെട്ടിച്ച് നോ ബോൾ സൈറൺ മുഴങ്ങിയതോടെ വീണ്ടും ട്വിസ്റ്റ്. ജയിക്കാനായി നാല് റൺസ് വേണ്ട ഹൈദരാബാദിനെതിരെ ശർമ വീണ്ടും യോർക്കറിനായി ശ്രമിച്ചെങ്കിലും അബ്ദുൾ സമദ് സ്ട്രെയ്റ്റ് സിക്സർ വഴി അതിഥികൾക്കായി ജയം നേടി.
സ്കോർ:
രാജസ്ഥാൻ റോയൽസ് 214/2(20)
സൺറൈസേഴ്സ് ഹൈദരാബാദ് 217/6(20)
സഞ്ജു സാംസൺ(66*), ജോസ് ബട്ലർ(95) എന്നിവരുടെ കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് 214 കെട്ടിപ്പടുത്തത്. വൻ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ സൺറൈസേഴ്സ് ചേസിന്റെ 18-ാം ഓവർ വരെ റോയൽസിനായിരുന്നു കളിയിൽ മുൻതൂക്കം. 12 പന്തിൽ 41 റൺസ് എന്ന വിജയസമവാക്യം നിലനിൽക്കെ പേസർ കുൽദീപ് യാദവ് തുടർ ബൗണ്ടറികൾ വഴങ്ങി കളിയുടെ ഗതിമാറ്റി.
യാദവിനെതിരെ തുടർച്ചയായി മൂന്ന് സിക്സും ഒരു ഫോറും നേടിയ ഗ്ലെൻ ഫിലിപ്പിസ്(7 പന്തിൽ 25) ആണ് ഹൈദരാബാദിന്റെ വിജയശിൽപി. ഫിലിപ്പ്സിനെ യാദവ് മടക്കിയെങ്കിലും അവസാന ഓവറിന്റെ രണ്ടാം പന്തിൽ ശർമ ഒരു സിക്സ് കൂടി വഴങ്ങിയതോടെ റോയൽസ് പട തളർന്നു. അഭിഷേക് ശർമ(34 പന്തിൽ 55), രാഹുൽ ത്രിപാഠി(29 പന്തിൽ 47), ഹെന്റിക് ക്ലാർസൺ(12 പന്തിൽ 26) എന്നിവരും ഹൈദരാബാദിന്റെ വിജയശിൽപ്പികളായി.
നേരത്തെ, 10 ഫോറും നാല് സിക്സും അടിച്ചെടുത്ത് സെഞ്ചുറിക്ക് തൊട്ടരികിൽ എത്തിയ ബട്ലറാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. സാംസൺ 38 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിൽ നാല് ഫോറുകളും അഞ്ച് സിക്സും പായിച്ചിരുന്നു.
ഹൈദരാബാദിന്റെ ജയത്തോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോയിന്റ് ടേബിളിനാണ് പൂട്ടുതുറന്നത്. നാല് പോയിന്റുള്ള റോയൽസ് നാലാം സ്ഥാനത്ത് തുടരുമ്പോൾ എട്ട് പോയിന്റുള്ള ഹൈദരാബാദ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. നാല് ടീമുകൾക്ക് 10 പോയിന്റ് വീതവും അവസാന സ്ഥാനത്തുള്ള മൂന്ന് ടീമുകൾക്ക് എട്ട് പോയിന്റും ഉള്ളതിനാൽ പ്ലേ ഓഫിലേക്ക് ആരെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.