ഗവർണർ ഒപ്പുവച്ചു; ആരോഗ്യ സംരക്ഷണ നിയമ ഭേദഗതി പ്രാബല്യത്തിൽ
Tuesday, May 23, 2023 9:36 PM IST
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കു നേരെ അക്രമം നടത്തുന്നവർക്കെതിരേ ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകരിച്ച 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസാണ് ഗവർണർ അംഗീകരിച്ചത്.
രാവിലെ സർക്കാർ രാജ്ഭവനിൽ എത്തിച്ച ഓർഡിനൻസ് പൊതു പ്രാധാന്യം കണക്കിലെടുത്ത് വൈകുന്നേരത്തോടെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പുവയ്ക്കുകയായിരുന്നു. ബില്ലിൽ ഒപ്പുവച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിക്കു പോയി.
ഇനി 29നു മാത്രമേ മടങ്ങിയെത്തുകയുള്ളു. എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന്റെ കാലാവധി കഴിയുന്ന മുറയ്ക്കു താത്കാലിക നിയമനം നൽകുന്ന ഫയലിലും ഗവർണർ ഇതിനിടയിൽ ഒപ്പുവയ്ക്കും.
ആരോഗ്യ സംരക്ഷണ ഓർഡിനൻസിൽ നിലവിലുള്ള ആരോഗ്യ പ്രവർത്തകരെ കൂടാതെ പാരാമെഡിക്കൽ വിദ്യാർഥികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും നിയമ പരിരക്ഷ ഉറപ്പാക്കുന്നതാണ് ഓർഡിനൻസ്, ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേർക്കുണ്ടാകുന്ന അക്രമങ്ങളിൽ വിചാരണ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഹൈക്കോടതി അനുമതിയോടെ സ്പെഷൽ കോടതികൾ സ്ഥാപിക്കുമെന്നും ഭേദഗതിയിൽ പറയുന്നു.
കേസുകൾ കൈകാര്യം ചെയ്യാൻ സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ടു മാസത്തിനുള്ളിൽ കേസ് അന്വേഷണം പൂർത്തിയാക്കും. ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കും.
അക്രമപ്രവർത്തനം നടത്തുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറുമാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.