തൃശൂരിൽ ലോറിക്ക് പിന്നിൽ ബസിടിച്ചു; 23 പേർക്ക് പരിക്ക്; അഞ്ച് പേരുടെ നില ഗുരുതരം
Thursday, May 25, 2023 2:54 PM IST
തലോര്‍ (തൃശൂർ): ദേശീയപാതയിൽ ജറുസലെമിന് സമീപം നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കയറി 23 പേര്‍ക്ക് പരിക്ക്. അഞ്ചുപേരുടെ നില ഗുരുതരമാണ്.
പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. തമിഴ്നാട് നാമക്കലില്‍ നിന്ന് കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പഠനയാത്രക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പുറകിലാണ് ബസ് ഇടിച്ചത്.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പരിശോധനകൾ പോലീസും മോട്ടോർ വാഹനവകുപ്പും നടത്തിവരികയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരു ദിശയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.