നെല്ല് സംഭരണം: ബാങ്കുമായി കരാറായി
Tuesday, May 30, 2023 11:33 PM IST
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ പിആർഎസ് വായ്പയിനത്തിൽ കർഷകർക്ക് 280 കോടി രൂപ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.
സംസ്ഥാന സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തുക കർഷകരുടെ അക്കൗണ്ടിൽ എത്തും. ഏപ്രിൽ മുതലുള്ള തുകയാണ് കർഷകർക്ക് നൽകാനുള്ളത്. മാർച്ച് വരെയുള്ള എല്ലാ തുകയും നൽകിക്കഴിഞ്ഞു.
2022-23 സീസണിൽ നാളിതുവരെ 2,24,359 കർഷകരിൽ നിന്ന് 6.66 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. ഈയിനത്തിൽ കർഷകർക്ക് 1,878 കോടി രൂപ നൽകി. ഇതിൽ സപ്ലൈകോ നേരിട്ട് 1,23,397 കർഷകർക്ക് 738.95 കോടി രൂപ വിതരണം ചെയ്തു.
കേരള ബാങ്ക് വഴി 27,800 കർഷകർക്ക് 192 കോടി രൂപയും കാനറ ബാങ്ക് വഴി ഏകദേശം 4,000 കർഷകർക്ക് 45 കോടി രൂപയുമാണ് ഇതുവരെ വിതരണം ചെയ്തതുവെന്നും മന്ത്രി പറഞ്ഞു.