തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
Wednesday, May 31, 2023 4:43 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് കോര്പറേഷന് വാര്‍ഡുകള്‍ അടക്കം ഒന്‍പതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഏറെക്കുറേ ഒപ്പത്തിനൊപ്പം.
കോട്ടയത്ത് യുഡിഎഫ് നിര്‍ണായക വിജയം നേടി. നഗരസഭയിലെ പുത്തന്‍തോട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സൂസന് കെ. സേവ്യര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 596 വോട്ടും രണ്ടാംസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 521 വോട്ടും ലഭിച്ചു.
യു ഡി എഫിന്റെ സിറ്റംഗ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ഡെന്നിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായിരുന്നു. ജിഷയുടെ മരണത്തോടെ യുഡിഎഫിന് ഒരു സീറ്റ് കുറഞ്ഞു. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണായകമായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും എന്നതായിരുന്നു സാഹചര്യം. ബിജെപി സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ ജിഷ ഡെന്നിയുടെ സഹോദരന്റെ ഭാര്യ ആന്‍സി സ്റ്റീഫന്‍ തെക്കേമഠത്തിലും മത്സര രംഗത്തുണ്ടായിരുന്നു.
അതേസമയം ചേര്‍ത്തല മുന്‍സിപ്പാലിറ്റി 11-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി എ.അജി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 588 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി അഡ്വ. പ്രേംകുമാര്‍ കാര്ത്തികേയന് 278 വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫിന്റെ കെ.ആര്. രൂപേഷ് 173 വോട്ടുകള്‍ മാത്രമാണ് നേടിയത്. എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോട്ടയത്തെ പൂഞ്ഞാറിലും വയനാട്ടിലെ പുതുപ്പാടിയിലും എല്‍ഡിഎഫിന് ജയം. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.സി.ജോർജിന്റെ പാർട്ടിയായ കേരള ജനപക്ഷത്തിന്റെ സീറ്റ് സിപിഎം പിടിച്ചെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു അശോകന് ആണ് ഇവിടെ 12 വോട്ടുകള്‍ക്ക് വിജയിച്ചത്. ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വയനാട് പതുപ്പാടി പഞ്ചായത്തില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. കനലാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിത മനോജാണ് വിജയിച്ചത്. 154 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.
പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചു.
ഫലത്തില്‍ മൈലപ്ര പഞ്ചായത്തില്‍ ആകെയുള്ള 13 സീറ്റില്‍ യുഡിഎഫിന് ആറ് സീറ്റായി. ഒരു സ്വതന്ത്രന്റെ പിന്തുണ അടക്കം എല്‍ഡിഎഫിനും ആറ് സീറ്റുണ്ട്. ബിജെപിക്കാണ് ഒരു സീറ്റ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ വോട്ടെടുപ്പുണ്ടായത്.
മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം പഴയ കുന്നുമ്മേല്‍ കാനാറ വാര്‍ഡ് യുഡിഎഫും നിലനിര്‍ത്തി. പാലക്കാട് ലക്കിടി പേരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന് സീറ്റ് നിലനിര്‍ത്തി. സ്വതന്ത്രനായി മത്സരിച്ച ടി.മണികണ്ഠന് വിജയിച്ചു.
കണ്ണൂർ പിലാത്തറ ചെറുതാഴം പഞ്ചായത്ത് കക്കോണി വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ചെറുതാഴം പഞ്ചായത്ത് 16-ാം വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി യു.രാമചന്ദ്രൻ 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
കഴിഞ്ഞ തവണ എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണിത്.
കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എ. ഉമൈബ 1,015 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.
19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആകെ 76.51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം മുട്ടട, കണ്ണൂര്‍ പള്ളിപ്രം കോര്പറേഷന് വാര്‍ഡുകള്‍, കൂടാതെ രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായരുന്നത്. ഇതില്‍ 29 പേര് സ്ത്രീകളായിരുന്നു.