റഷ്യയുടെ എറ്റവും വലിയ ഭീഷണി പുടിന്റെ ഭരണം: അലക്സി നവാൽനി
Wednesday, June 28, 2023 3:12 AM IST
മോസ്കോ: റഷ്യയുടെ ഏറ്റവും വലിയ ഭീഷണി പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭരണമാണെന്ന് ജയിലിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനി. പുടിന്റെ ഭരണത്തേക്കാൾ വലിയ ഭീഷണി റഷ്യയ്ക്ക് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുടിന്റെ ഭരണം രാജ്യത്തിന് വളരെ അപകടകരമാണ്. പുടിൻ ആരംഭിച്ച യുദ്ധത്തിന് റഷ്യയെ നശിപ്പിക്കാനും തകർക്കാനും കഴിയും. വാഗ്നർ സംഘത്തിന്റെ തലവൻ എവ്ഗനി പ്രിഗോഷിൻ നടത്തിയ കലാപം റഷ്യയുടെ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ടത് പാശ്ചാത്യ രാജ്യങ്ങളോ പ്രതിപക്ഷമോ അല്ല. ആ പ്രതിസന്ധി റഷ്യയെ ആഭ്യന്തരയുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തിച്ചു. പുടിൻ ഇത് സ്വയം ചെയ്തതാണ്.
പ്രതിരോധ മന്ത്രിയെയും മറ്റുള്ളവരെയും കൊല്ലാൻ തീരുമാനിച്ച എല്ലാ കുറ്റവാളികൾക്കും വ്യക്തിപരമായി മാപ്പ് നൽകിയത് പുടിൻ ആണ്. ഇന്ന് ഞങ്ങൾ വ്യക്തമായി മനസിലാക്കുന്നു. പുടിൻ അനുകൂലികളുടെ സംഘം ഏത് നിമിഷവും ആർക്കെതിരെയും യുദ്ധം ആരംഭിക്കാൻ തയാറാണ്.
ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ പാർലമെന്റോ അല്ല അധികാരികളെ ദുർബലപ്പെടുത്തുന്നതും പ്രക്ഷുബ്ധതയിലേക്ക് നയിക്കുന്നതും. സ്വേച്ഛാധിപതികളും അധികാരം പിടിച്ചെടുക്കലും ക്രമക്കേടിലേക്കും ദുർബലമായ സർക്കാരിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നുവെന്നും അലക്സി നവാൽനി പറഞ്ഞു.