തെരഞ്ഞെടുപ്പിൽ പാമ്പ് ഭീഷണി; ബംഗാളിലെ പോളിംഗ് ബൂത്തിലേക്ക് അണുനാശിനിയും
Wednesday, July 5, 2023 6:22 PM IST
കോൽക്കത്ത: പോളിംഗ് ബൂത്തിൽ നിന്ന് പാമ്പുകളെ അകറ്റിനിർത്താനായി തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കിറ്റിൽ അണുനാശിനി ഉൾപ്പെടുത്തി പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ.
തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചിമ ബംഗാളിൽ പോളിംഗ് ബൂത്തിലെ പാമ്പ് ഭീഷണി ഇരട്ടി തലവേദനയാണ്. മഴക്കാലത്ത് പാമ്പുകൾ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവായതിനാലാണ് പോളിംഗ് ബൂത്തുകളിലേക്കുള്ള കിറ്റിൽ "കാർബോളിക് ആസിഡ്' എന്ന അണുനാശിനി ഉൾപ്പെടുത്തിയത്.
കടുത്ത മണമുള്ള കാർബോളിക് ആസിഡ് തളിച്ച് പാമ്പിനെ അകറ്റിനിർത്താൻ ശ്രമിക്കുന്നത് ബംഗാളിൽ പതിവാണ്. കടുത്ത മണം കാരണം പാമ്പ് വഴിമാറി പോകുമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ ശാസ്ത്രീയ സ്ഥിരീകരണമില്ല.
മൂർഖൻ, അണലി, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകൾ ബംഗാളിലെ ഗ്രാമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഏറ്റവുമധികം പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് ബംഗാൾ.