ബ്രിജ്ഭൂഷൺ സ്ഥിരം പ്രശ്നക്കാരൻ; ചാർജ്ഷീറ്റിലെ തെളിവുകൾ പുറത്ത്
Wednesday, July 12, 2023 7:24 PM IST
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗ് സ്ഥിരം പ്രശ്നക്കാരനാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്ത്.
വനിതാ താരങ്ങളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിനൊടുവിൽ, സിംഗിനെതിരായ ഫോൺ രേഖകളും ഫോട്ടോഗ്രാഫുകളും കണ്ടെത്തിയതായി ഡൽഹി പോലീസ് ചാർജ്ഷീറ്റിൽ വ്യക്തമാക്കി.
അഞ്ച് വനിതാ താരങ്ങൾ സിംഗിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയെന്നാണ് പോലീസ് വ്യക്തമാക്കിയത്. വനിതാ താരങ്ങളോട് മോശമായി രീതിയിൽ പെരുമാറുന്നത് തെളിയിക്കാൻ സാധിക്കുന്ന രണ്ട് ഫോട്ടോകളും ഇതിൽ ഉൾപ്പെടുന്നു.
പരാതിക്കാരിയായ ഒരു യുവതിയെ വിദേശരാജ്യത്ത് വച്ച് നടന്ന ടൂർണമെന്റിനിടെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന ദിവസം സിംഗിന്റെ ഫോൺ ലൊക്കേഷൻ യുവതിയുടേതിന് തൊട്ടടുത്ത് ഉണ്ടായിരുന്നുവെന്നും വ്യക്തമായി.
മത്സരങ്ങളിൽ ജയിച്ചാലും തോറ്റാലും താരങ്ങളെ നിർബന്ധപൂർവം കെട്ടിപ്പിടിക്കുക, പരിശീലനത്തിനെന്ന വ്യാജേന അപമര്യാദയായി സ്പർശിക്കുക, ടീം ഫോട്ടോ സെഷനിടെ ശരീരത്തിൽ മോശമായ തലോടുക, പരിക്ക് ഭേദമാക്കാനുള്ള ചികിത്സ ഉറപ്പാക്കാനായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങളും സിംഗ് ചെയ്തതായി ചാർജ്ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.