യമുനയിൽ ജലനിരപ്പ് 208.46 മീറ്ററായി; കേജരിവാളിന്റെ വീടിന്റെ സമീപം വെള്ളപ്പൊക്കം
Thursday, July 13, 2023 11:04 AM IST
ന്യൂഡൽഹി: യമുനയിൽ ജലനിരപ്പ് സർവകാല റിക്കാർഡും പിന്നിട്ട് ഉയരുന്നു. ജലനിരപ്പ് വ്യാഴാഴ്ച രാവിലെ ഏഴോടെ 208.46 മീറ്ററായി ഉയർന്നു. ഇതോടെ ഡൽഹിയിൽ നിരവധി വീടുകളും റോഡുകളും വെള്ളത്തിനടയിലായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീടിന്റെ സമീപവും വെള്ളംപൊങ്ങി.
ഹരിയാനയിലെ ഹാത്നികുണ്ഡ് ഡാമിൽ നിന്ന് വെള്ളം അമിത അളവിൽ തുറന്നുവിട്ടതോടെയാണ് യമുനയിൽ ജലനിരപ്പ് ഉയർന്നത്. അപകടസൂചനയിൽ നിന്ന് മൂന്ന് മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്. ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് കേന്ദ്രസർക്കാരിനോട് കേജരിവാൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മഴ മാറിനിന്നതോടെ ഹിമാചൽ പ്രദേശിൽ, റോഡ് ഗതാഗതവും വാർത്താവിനിമയ ബന്ധങ്ങളും പുന:സ്ഥാപിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ അന്‍പതിലേറെപേർ മരിച്ചു. ഉത്തരാഖണ്ഡ്, യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ആൾനാശമുണ്ട്.
ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകുകയാണ്.