വൈദ്യുത തകരാറിനെതിരായ സമരം; ബിഹാറിൽ പോലീസ് വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
Wednesday, July 26, 2023 11:10 PM IST
പാറ്റ്ന: ബിഹാറിൽ വൈദ്യുതവിതരണ സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേർക്ക് പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കാട്ടിഹാർ ജില്ലയിലെ ബാസാൽ ഗ്രാമത്തിൽ നിന്നുള്ള ഖുർഷിദ് ആലം(34) ആണ് മരിച്ചത്. വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ബാറസോയ് പോലീസ് സ്റ്റേഷന് സമീപത്താണ് വെടിവയ്പ് നടന്നത്. ആയിരത്തിലേറെ പ്രതിഷേധക്കാർ നടത്തിയ സമരം അക്രമാസക്തമായതിനെത്തുടർന്നാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പ്പിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയും ജില്ലാ മജിസ്ട്രേറ്റും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ബിജെപി അടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടു.