ഗുജറാത്തിൽ ആയുധധാരികൾ ബാങ്കിൽ നിന്ന് 13 ലക്ഷം രൂപ കൊള്ളയടിച്ചു
Sunday, August 13, 2023 3:34 AM IST
സൂറത്ത്: ഗുജറാത്തിൽ ആയുധധാരികളായ അഞ്ച് പേർ ദേശസാൽകൃത ബാങ്കിൽ അതിക്രമിച്ച് കയറി അഞ്ച് മിനിറ്റിനുള്ളിൽ തോക്ക് ചൂണ്ടി ജീവനക്കാരെയും മറ്റ് ഇടപാടുകാരെയും ഭീഷണിപ്പെടുത്തി 13.26 ലക്ഷം രൂപ കവർന്നു.
നഗരത്തിലെ സച്ചിൻ ഏരിയയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വാൻസ് ശാഖയിലേക്ക് രാവിലെ 11.30ഓടെയാണ് അഞ്ചു പേരും രണ്ട് ബൈക്കുകളിലായി എത്തിയത്. നാല് പേർ ഹെൽമറ്റ് ധരിച്ചിരുന്നു, ഒരാൾ തുണികൊണ്ട് മുഖം മറച്ചിരുന്നു. അവർ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് പോലീസ് പറഞ്ഞു.
ബാങ്കിൽ പ്രവേശിച്ചത്തിനു പിന്നാലെ തോക്കു ചൂണ്ടി ജീവനക്കാരെയും ബാങ്കിലെത്തിയ ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി. തുടർന്നു ജീവനക്കാരോടു പണം തങ്ങളുടെ ബാഗുകളിൽ വയ്ക്കാൻ അക്രമി സംഘം ആവശ്യപ്പെട്ടു.
അഞ്ചംഗ സംഘം ബാങ്കിലെത്തുന്നതിന്റെയും പണവുമായി തിരികെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പോലീസ് വ്യാപക പരിശോധന നടത്തുകയാണ്.