പാക്കിസ്ഥാനിൽ മൂന്ന് ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്ത് ജനക്കൂട്ടം
Wednesday, August 16, 2023 6:53 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മൂന്ന് ദേവാലയങ്ങൾ തകർത്തു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം നടന്നത്.
ജാറൻവാല സ്വദേശിയായ രാജാ അമിർ എന്ന ക്രിസ്തുമത വിശ്വാസിയും സുഹൃത്തും ഖുറാനെ അപമാനിച്ചെന്ന ആരോപണം പുറത്തുവന്നതോടെ ജനം ഒത്തുകൂടുകയായിരുന്നു. തുടർന്ന് പ്രദേശത്തെ ക്രിസ്ത്യൻ കോളനിയിലേക്ക് ഇവർ കുതിച്ചെത്തുകയും ദേവാലയങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടത്തുകയുമായിരുന്നു.
അക്രമാസക്തരായ ജനക്കൂട്ടം ഒരു ദേവാലയം പൂർണമായും തീവച്ച് നശിപ്പിച്ചപ്പോൾ മറ്റ് രണ്ട് ദേവാലയങ്ങൾക്ക് കേടുപാട് വരുത്തി. അമിറിന്റെ വീടും ഇവർ ഇടിച്ചുനിരത്തി.
പ്രദേശത്ത് ശാന്തത ഉറപ്പാക്കാൻ ശ്രമം തുടരുകയാണെന്നും ക്രിസ്തുമത വിശ്വാസികളെ സംരക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ദേവാലയങ്ങൾ തകർത്ത എല്ലാവരെയും ഉടൻ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി.