ഭൂപേഷ് ബാഗേല്‍ ഗാന്ധി കുടുംബത്തിന്റെ എടിഎം; പാവപ്പെട്ടവരെ കൊള്ളയടിക്കാനാണ് പ്രവര്‍ത്തിച്ചത്: അമിത് ഷാ
Saturday, September 2, 2023 2:26 PM IST
റായ്പുര്‍: വര്‍ഷാവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനമാകെ കൊള്ളയും അഴിമതി കുംഭകോണവുമാണ്. അയ്യായിരം കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മദ്യനിരോധനമെന്ന അവകാശവാദത്തിന് എന്ത് സംഭവിച്ചുവെന്നും അമിത് ഷാ ചോദിച്ചു.
ബിജെപി മുന്‍ സര്‍ക്കാര്‍ മദ്യനിരോധനം പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഈ നയം അട്ടിമറിച്ചു. വരുമാന സമ്പാദനം മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മുഖ്യമന്ത്രി ഭൂപേഷ് ഗാന്ധി കുടുംബത്തിന്റെ എടിഎമ്മാകാനും പാവപ്പെട്ടവരെ കൊള്ളയടിക്കാനുമാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
കോവിഡ് കാലത്ത് ഭക്ഷ്യധന്യങ്ങള്‍ ചത്തീസ്ഗഡിലേക്ക് അയച്ചിരുന്നു. എന്നാല്‍ പാവപ്പെട്ടവരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ തട്ടിയെടുക്കുന്ന ജോലിയാണ് ഭൂപേഷ് ബാഗേലിന്റെ സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
രമണ്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെ എല്ലാ വീട്ടിലും റേഷന്‍ എത്തിക്കാന്‍ തമ്പ് ഇംപ്രഷന്‍ സംവിധാനം ആരംഭിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ജല്‍ ജീവന് മിഷനു കീഴില്‍ രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും വെള്ളം എത്തിക്കാന്‍ മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിമിത്തം ചത്തീസ്ഗഡിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ, റായ്പൂരിലെ പിടി ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ "ആരോപ് പത്ര' (കുറ്റപത്രം) അമിത് ഷാ പ്രകാശനം ചെയ്തിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചത്തീസ്ഗഡിന്റെ സുവര്‍ണ ഭാവി രൂപപ്പെടുത്താനുള്ളതാണ്. കോണ്‍ഗ്രസിന്റെ അഴിമതി നിറഞ്ഞ സര്‍ക്കാരാണോ അതോ തങ്ങളെ വികസനത്തിന്റെ പാതയില്‍ കൊണ്ടുപോകുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ സര്‍ക്കാരാണോ വേണ്ടതെന്ന് പൊതുജനം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശനിയാഴ്ച ചത്തീസ് ഗഡില്‍ എത്തുന്നുണ്ട്. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന് കീഴില്‍ രൂപീകരിച്ച രാജീവ് യുവ മിതന്‍ ക്ലബ്ബിന്റെ സംസ്ഥാനതല കണ്‍വെന്‍ഷനില്‍ അദ്ദേഹം സംസാരിക്കും.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ 90 സീറ്റുകളില്‍ 68 സീറ്റുകളും കോണ്‍ഗ്രസ് നേടിയപ്പോള്‍ 15 എണ്ണമാണ് ബിജെപിക്ക് ലഭിച്ചത്. ജെസിസി (ജെ) അഞ്ച് മണ്ഡലങ്ങളില്‍ വിജയിക്കുകയും സഖ്യകക്ഷിയായ ബിഎസ്പിക്ക് രണ്ട് സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. നിലവില്‍ 71 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.