മൊറോക്കോ ഭൂചലനം: നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
Saturday, September 9, 2023 9:17 AM IST
ന്യൂഡല്‍ഹി: നിരവധിപേർക്ക് ജീവന് നഷ്ടപ്പെട്ട മൊറോക്കോ ഭൂകമ്പത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
"മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന് നഷ്ടപ്പെട്ടതില്‍ അതിയായ വേദനയുണ്ട്. ഈ ദുരന്തസമയത്ത്, എന്റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറാണ്- അദ്ദേഹം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
വെള്ളിയാഴ്ച രാത്രി 11ന് ആണ് മൊറോക്കോയിൽ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 296 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകർന്നു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്വര്ക്കും നഷ്ടമായി.