വാക്കൗട്ട് പ്രഖ്യാപനത്തിന് ശേഷവും ഭരണ - പ്രതിപക്ഷ ബഹളം; ക്ഷുഭിതനായി സ്പീക്കര്‍
Tuesday, September 12, 2023 12:23 PM IST
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ സഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം. ഇരുകൂട്ടരും ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ എം.എന്‍.ഷംസീര്‍ ക്ഷുഭിതനായി.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടയിലാണ് ബഹളം തുടങ്ങിയത്. ആഭ്യന്തരവകുപ്പിനെ പുറമേ നിന്നുള്ളവര്‍ ഹൈജാക്ക് ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളില്‍ ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞ സതിയമ്മയുടെ ജോലി നഷ്ടപ്പെടുത്തിയതും അവര്‍ക്കെതിരേ കേസെടുത്തതും സതീശന് ചൂണ്ടിക്കാട്ടി.
ഇതിനിടെ സതിയമ്മയുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ മന്ത്രി ചിഞ്ചുറാണി എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം വച്ചു. മന്ത്രിയുടെ വിശദീകരണം കേള്‍ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം തുടങ്ങി.
ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെ വീണ്ടും വിശദീകരണവുമായി ചിഞ്ചുറാണി എഴുന്നേറ്റതോടെ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിക്കുകയായിരുന്നു.
വാക്കൗട്ട് പ്രഖ്യാപനത്തിന് ശേഷവും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സ്പീക്കര്‍ ക്ഷുഭിതനാവുകയായിരുന്നു. വാക്കൗട്ട് പ്രഖ്യാപിച്ചവര്‍ പുറത്തുപോകണമെന്നും പുതിയ കീഴ്വഴക്കം വേണ്ടെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.