പാർലമെന്റ് "കൂടുമാറ്റം'; പ്രത്യേക ചടങ്ങിലേക്ക് മൻമോഹൻ സിംഗിനും ഷിബു സോറനും ക്ഷണം
Monday, September 18, 2023 11:08 PM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് കൂടുമാറുന്നതിന് മുമ്പായി നിലവിലുള്ള മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ എന്നിവരെ ക്ഷണിച്ച് കേന്ദ്ര സർക്കാർ.
രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിന്റെ മഹത്വം അനുസ്മരിക്കുന്ന ചടങ്ങിലേക്കാണ് ഇവരെ പ്രത്യേക അതിഥികളായി ക്ഷണിച്ചത്. സിംഗിനെ മുൻ പ്രധാനമന്ത്രി എന്ന നിലയിലും സോറനെ രാജ്യസഭയിലെ ഏറ്റവും മുതിർന്ന അംഗം എന്ന നിലയിലുമാണ് ക്ഷണിച്ചതെന്ന് സർക്കാർ അറിയിച്ചു. ഇരുവർക്കും ചടങ്ങിൽ പ്രസംഗിക്കാനും അവസരം ലഭിക്കും.
ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗമായ മനേക ഗാന്ധിയും ചടങ്ങിലെ പ്രത്യേക ക്ഷണിതാവാണ്.
ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരടക്കമുള്ള പ്രമുഖരും പങ്കെടുക്കും.