ഇന്ത്യ-കാനഡ തര്‍ക്കം; എന്‍ഐഎ സംഘത്തിന്റെ കാനഡ യാത്ര നീട്ടി
Wednesday, September 20, 2023 10:10 AM IST
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ തര്‍ക്കം രൂക്ഷമായതോടെ എന്‍ഐഎ സംഘത്തിന്റെ കാനഡ യാത്ര നീട്ടി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ കാനഡയില്‍ പോയി അന്വേഷണം നടത്താന്‍ എന്‍ഐഐ തീരുമാനിച്ചിരുന്നു. ഈ യാത്രയാണ് നീട്ടിവച്ചത്.
കഴിഞ്ഞ ജൂണിലാണ് യുകെയിലെയും കാനഡയിലെയും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ തലവനായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
യുകെയിലെ ഇന്ത്യന്‍ കാര്യാലയത്തില്‍നിന്ന് ഇന്ത്യന്‍ പതാക വലിച്ച് താഴെയിട്ട ശേഷം ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ എന്‍ഐഎ സംഘം നേരത്തേ കാനഡയിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി വീണ്ടും കാനഡയിലേക്ക് പോകാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ കാനഡയിലേക്ക് പോകുന്നത് നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയെ അടക്കം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യാത്ര മാറ്റിവച്ചതെന്നാണ് വിവരം.