കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ഓവര്‍സിയര്‍ അറസ്റ്റിൽ
Monday, September 25, 2023 10:35 PM IST
പയ്യന്നൂര്‍: കെട്ടിടത്തിന്റെ അനുമതിക്കായി 25,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഓവർസിയർ അറസ്റ്റിൽ. പയ്യന്നൂർ നഗരസഭാ ബിൽഡിംഗ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയർ സി. ബിജുവിനെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കെട്ടിടാനുമതിക്ക് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടമ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടിയ കറൻസി കൊടുത്തുവിടുകയായിരുന്നു.
കെട്ടിട ഉടമ ഓഫീസിലെത്തിയപ്പോൾ ഉദ്യോഗസ്ഥൻ നഗരസഭാ ഓഫീസിനു പിന്നിലെ റോഡരിൽ നിർത്തിയിട്ട കാറിനടുത്തേക്ക് വരാൻ പറയുകയായിരുന്നു. ഇവിടെനിന്നും പണം കൈമാറിയപ്പോൾ നിരീക്ഷിക്കുകയായിരുന്ന വിജിലൻസ് പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.