ഡോ. എം.എസ്.സ്വാമിനാഥൻ; കുട്ടനാടിനെ അടുത്തറിഞ്ഞ ഗവേഷകൻ
Friday, September 29, 2023 1:24 PM IST
കോട്ടയം: കുട്ടനാട്ടിലെ മങ്കൊമ്പില്‍ ജനിച്ച എം.എസ്. സ്വാമിനാഥന് നാടുമായൊരാത്മബന്ധം എന്നും കാത്തു സൂക്ഷിച്ചിരുന്നു. കുടിവെള്ളപ്രശ്നവും വര്‍ഷാവര്‍ഷം ആവര്‍ത്തിക്കാറുള്ള വെള്ളപ്പൊക്ക, വെള്ളക്കെട്ടു ദുരിതങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ സ്വസ്ഥമായ ജീവിതത്തിനേറ്റവും അനുയോജ്യമായ പ്രദേശമായാണു കുട്ടനാടിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
ഗവേഷണ നിരീക്ഷണങ്ങളെയും നാട്ടറിവുകളെയുമെല്ലാം ഉള്‍ക്കൊള്ളുകയും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുമൊക്കെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഭാവനാപൂര്‍വം പദ്ധതികളാവിഷ്കരിച്ചു നടപ്പാക്കുകയുമൊക്കെ ചെയ്താല്‍ കുട്ടനാടിന്റെ ഭാവി ശോഭനമാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
മഴയും വേലിയേറ്റവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിയുടെ പ്രതിഭാസങ്ങളെ തടുത്തുനിര്ത്താനാവില്ലെങ്കിലും അവ മൂലമുണ്ടായേക്കാവുന്ന ദുരിതങ്ങളെ നിയന്ത്രിക്കാനും അതിജീവിക്കാനും പ്രാദേശിക പ്രത്യേകതകളറിഞ്ഞുള്ള കാര്യക്ഷമമായ ആസൂത്രണത്തിലൂടെ സാധിക്കുമെന്ന നിരീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്.
സമുദ്രനിരപ്പിനും താഴെയുള്ള സമാന ഭൂപ്രകൃതിയുള്ള മറ്റുചില രാജ്യങ്ങള്‍ നടപ്പാക്കി വിജയിച്ച റൂം ഫോര്‍ റിവര്‍ പോലുള്ള പദ്ധതികള്‍ കുട്ടനാടന്‍ സാഹചര്യങ്ങളില്‍ എങ്ങനെ പുനരാവിഷ്കരിക്കണമെന്നതിനെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ധാരണകളുണ്ടായിരുന്നു.
കായലിന്റെയും ആറുകളുടെയും തോടുകളുടെയുമെല്ലാം ആഴം കൂട്ടി ജലപാതകളെല്ലാം തുറന്നു നീരൊഴുക്കു സുഗമമാക്കിയാല് മനുഷ്യന്റെ ഇടങ്ങളിലേക്കു കടന്നുകയറി നാശം വിതയ്ക്കുന്നതിനു പകരം, കുട്ടനാടിനു ജലം അനുഗ്രഹമായി മാറുമെന്ന ആശയമാണ് അദ്ദേഹം പങ്കുവച്ചത്.
ശൃംഖലയായികിടക്കുന്ന പാടശേഖരങ്ങളുള്ള കുട്ടനാടിന്റെ അതിജീവനത്തിനായി, പാടശേഖരപ്രദേശങ്ങളെ അടിസ്ഥാനയൂണിറ്റുകളായി കണ്ടുകൊണ്ടുള്ള ആസൂത്രണവും വികസനവുമാണ് അദ്ദേഹം വിഭാവനം ചെയ്തത്.
പാടശേഖരങ്ങളുടെയെല്ലാം പുറംബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തി വെള്ളക്കെട്ടു ദുരിതങ്ങളൊഴിവാക്കുന്നതിനെക്കുറിച്ചും കുട്ടനാട്ടില്‍ ജീവിക്കുന്നവര്‍ക്കു സുരക്ഷിത ജീവിത സാഹചര്യങ്ങളുറപ്പുവരുത്തുന്നതിനെക്കുറിച്ചും കരക്കൃഷിയും മത്സ്യക്കൃഷിയും താറാവുകൃഷിയും കാലിവളര്ത്തലുമുള്പ്പെടെ കുട്ടനാടിനനുയോജ്യമായ കൃഷിരീതികളവലംബിക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
കുട്ടനാടിനെക്കുറിച്ചു പഠിച്ച് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കുട്ടനാടിന്റെ തലവര മാറ്റിയെഴുതാനുതകുമായിരുന്ന കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ, ലാഭവും കൈയിട്ടുവാരലും മാത്രം ലാക്കാക്കിയുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ കരാര്‍ മേഖലയിലെ ചില അവിശുദ്ധ സഖ്യങ്ങളുടെ ഇടപെടലുകള്‍മൂലം, വലിയ പ്രതീക്ഷയായിരുന്ന കുട്ടനാടു പാക്കേജുപോലും കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്ന ആക്ഷേപമാണ് അദ്ദേഹത്തിന്റെ വിയോഗവേളയില്‍ കുട്ടനാട്ടില്‍ നിന്നുയരുന്നത്.
വിവിധ വകുപ്പുകളെ ഫലപ്രദമായി ഏകോപിപ്പിച്ച് യഥാവിധി പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പോലും ഭരണസംവിധാനങ്ങള്‍ക്കായില്ല. ജനവാസകേന്ദ്രങ്ങളിലെ പാടശേഖരങ്ങള്‍ മടവീഴ്ചയും കവിഞ്ഞുകയറ്റവുമൊക്കെയായി നട്ടംതിരിയുമ്പോഴും കായലില്‍ പൈലും സ്ലാബും നാട്ടി ഫണ്ടു തട്ടാനാണത്രേ ശ്രമങ്ങള്‍ നടന്നത്.
കയ്യൂക്കുള്ളവര്‍ കാര്യക്കാരെന്ന രീതിയില്‍ കുട്ടനാടിനുവേണ്ടി അനുവദിക്കപ്പെട്ട ഫണ്ട് കുട്ടനാടിനു പുറത്തേക്കൊഴുകിയതായും ആക്ഷേപങ്ങളുണ്ട്. രണ്ടാം കുട്ടനാടു പാക്കേജിനെക്കുറിച്ചും പ്രഖ്യാപനങ്ങളാവര്ത്തിക്കുന്നുണ്ടെങ്കിലും നടപടികളൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.