ഷാരോൺ കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജിയുമായി ഗ്രീഷ്മ സുപ്രീം കോടതിയിൽ
Monday, October 2, 2023 1:33 PM IST
ന്യൂഡൽഹി: കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷാരോൺ വധകേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിയിലെ ജെഎംഎഫ്സി കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.
ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്.
സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.
നിലവിൽ നെയ്യാറ്റികര അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്.
കേസിന്റെ വിചാരണ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കൂടാതെ കന്യാകുമാരിയിൽ നിന്ന് വിചാരണനടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.
2022 ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.
സാധാരണ മരണമെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.