ഫോൺ വാങ്ങിയ സ്ത്രീ മാറി നിന്നാണ് സംസാരിച്ചത്; കടയുടമ പറയുന്നത്
Tuesday, November 28, 2023 12:52 AM IST
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവർ പാരിപ്പള്ളിക്ക് സമീപത്തെ എൽപിഎസ് ജംഗ്ഷനിലെ കടയിലെത്തിയത് രാത്രി ഏഴരയോടെയെന്ന് കടയുടമയുടെ വെളിപ്പെടുത്തൽ.
ഇവരുടെ ഫോണിൽ നിന്നാണ് പ്രതികൾ ആറു വയസുകാരിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കടയിലെത്തിയവരെ കണ്ടാൽ തിരിച്ചറിയാമെന്നും കടയുടമയായ സ്ത്രീ പറഞ്ഞു.
രാത്രി ഏഴരയോടെയാണ് ഒരു സ്ത്രീയും പുരുഷനും കടയിലെത്തിയതെന്ന് കടയുടമ പറയുന്നു. ഫോൺ എടുത്തില്ലെന്നും എന്തൊക്കെ സാധനങ്ങൾ വേണമെന്ന് ചോദിക്കട്ടെയെന്നും പറഞ്ഞ് സ്ത്രീ കടയുടമയോട് ഫോൺ ആവശ്യപ്പെടുകയായിരുന്നു.
ഫോൺ വാങ്ങിയ ശേഷം അൽപം മാറി നിന്ന് സംസാരിച്ചതിനാൽ സംഭാഷണം കേൾക്കാൻ കടയുടമയ്ക്ക് കഴിഞ്ഞില്ല. ഈ സമയത്ത് പുരുഷൻ ആവശ്യപ്പെട്ടതനുസരിച്ച് ബിസ്ക്കറ്റ്,റസ്ക്ക്, തേങ്ങ എന്നിവ കടയുടമ പൊതിഞ്ഞു കൊടുക്കുന്പോൾ സ്ത്രീ ഫോൺ തിരിച്ചു കൊടുക്കുകയും ചെയ്തു.
പുരുഷന് മാസ്ക് ധരിച്ചിട്ടില്ലായിരുന്നുവെന്നും യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നുവെന്നും കടയുടമ പറയുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കുമെന്നും കടയുടമ പറയുന്നു.
കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടതെന്നും മൂന്നാമനെ കണ്ടിട്ടില്ലെന്നും ഇവരെ കണ്ടാൽ തിരിച്ചറിയുമെന്നും കടയുടമ കൂട്ടിച്ചേർത്തു.
സ്ത്രീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷന് ബ്രാണ് ഷര്‍ട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നുവെന്നും പ്രദേശത്ത് പരിചയമില്ലാത്ത ഓട്ടോയായിരുന്നുവെന്നും പരിസരവാസിയായ സതീശൻ പറഞ്ഞു.