പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു
Wednesday, November 29, 2023 7:49 AM IST
ജയ്പുർ: രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറത്തതിന് ശേഷം തീകൊളുത്തി കൊന്നു. പാലി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.
32കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവ്ലാൽ മെഗ്വാൾ എന്നയാളെ പോലീസ് തിരയുകയാണ്.
കഴിഞ്ഞ 12 വർഷങ്ങളായി ശിവ്ലാൽ കുടുംബവുമായി പിരിഞ്ഞ് പാലിയിലാണ് താമസം. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നത്.
വിവാഹിതയായ മൂത്ത മകൾ നിർമ (32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് മേഘ്വാൾ വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിർമയും സഹോദരിയും എത്തിയപ്പോൾ ഇവർ പിതാവിനെ കണ്ടുമുട്ടി. തുടർന്ന് മെഗ്വാൾ ഒരുസ്ഥലം വരെ പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു.
ഇളയെ സഹോദരിയോട് തന്നെ കാത്ത് നിൽക്കാൻ ആവശ്യപ്പെട്ട നിർമ, പിതാവിനൊപ്പം മറ്റൊരു സ്ഥലത്ത് പോയി. അവിടെ വച്ച് നിർമയുടെ കഴുത്ത് മുറിച്ചതിനു ശേഷം പെട്രോൾ ഒഴിച്ച് ഇയാൾ നിർമയെ കൊല്ലുകയായിരുന്നു.
ഏറെ നേരമായിട്ടും നിർമയെ കാണാത്തതിനെ തുടർന്ന് ഇളയ സഹോദരി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ ഗ്രാമവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.