സോണിയയ്ക്ക് 77-ാം പിറന്നാൾ; ആശംസകളുമായി നേതാക്കൾ, ദീർഘായുസ് നേർന്ന് പ്രധാനമന്ത്രി
Saturday, December 9, 2023 10:51 AM IST
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ 77-ാം ജന്മദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
"ശ്രീമതി സോണിയാ ഗാന്ധിജിക്ക് അവരുടെ ജന്മദിനത്തിൽ ആശംസകൾ. അവർ ദീർഘായുസോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ..' അദ്ദേഹം എക്സിൽ കുറിച്ചു.
സോണിയയ്ക്ക് ആശംസകളർപ്പിച്ച് രാഷ്ട്രീയനേതാക്കളും പാർട്ടി പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം വാദിച്ച വ്യക്തിയാണ് സോണിയ ഗാന്ധിയെന്ന് കോൺഗ്രസ് ദേശീയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോട് ധൈര്യത്തോടെയും നിസ്വാർഥ ത്യാഗത്തോടെയും പൊരുതുമ്പോൾ അത്യധികമായ സന്മനസിന്റെ പ്രതീകമാണ് സോണിയയെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
പൊതുസേവനത്തോടുള്ള സോണിയയുടെ പ്രതിബദ്ധതയും സമൂഹത്തിലെ പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ഉന്നമനവും നൂറുകോടി ഹൃദയങ്ങൾ കവർന്നുവെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞു.
സോണിയ ഗാന്ധി കോൺഗ്രസിനെ മികച്ച രീതിയിൽ നയിച്ചുവെന്നും അതിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും പ്രചോദനമായി തുടരുന്നുവെന്നും ശശി തരൂർ എംപി പ്രശംസിച്ചു. അവർ ദീർഘനാളായി ആരോഗ്യവതിയും സന്തോഷവതിയുമായി പാർട്ടിയെ നയിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു.
സോണിയയ്ക്ക് ആരോഗ്യവും ദീർഘായുസും നേരുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അവരുടെ അഗാധമായ കാഴ്ചപ്പാടും അനുഭവസമ്പത്തും സ്വേച്ഛാധിപത്യ ശക്തികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള തങ്ങളുടെ ഐക്യശ്രമത്തിൽ ഒരു വഴികാട്ടിയായി തുടരട്ടെയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.