എഐ നിയന്ത്രണത്തിന് പ്രത്യേക ചട്ടം: യൂറോപ്യൻ യൂണിയന്റെ പാത മറ്റു രാജ്യങ്ങളും പിന്തുടർന്നേക്കും
വെബ് ഡെസ്ക്
Sunday, December 10, 2023 6:43 AM IST
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ഉപയോഗത്തിന് സമഗ്രമായ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം യൂറോപ്യൻ യൂണിയൻ പാസാക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളും ഉടൻ ഇതേ നടപടികൾ കൈക്കൊണ്ടേക്കും.
ബയോമെട്രിക്ക് ആവശ്യങ്ങൾക്കായി സർക്കാരിന്റെ എഐ ഉപയോഗം മുതൽ ചാറ്റ് ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളും കരാറായത്.
ഇതോടെ എഐ നിയന്ത്രണം സംബന്ധിച്ചുള്ള ആദ്യ ചട്ടം പാസാക്കിയ സർക്കാർ എന്ന നേട്ടം യൂറോപ്യൻ യൂണിയൻ സ്വന്തമാക്കി. വെള്ളിയാഴ്ച 24 മണിക്കൂർ നീണ്ട മാരത്തോൺ ചർചയ്ക്ക് ശേഷമാണ് ചട്ടം സംബന്ധിച്ച് കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ എഐ ചാറ്റ്ബോട്ടുകളടക്കമുള്ള പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിൽ സുതാര്യത ഉറപ്പാക്കാനാകും.
ഡീപ് ഫെയ്ക് ഉള്ളടക്കങ്ങൾ ഉൾപ്പടെ എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ഇല്ലാതാക്കാനും ചട്ടം സഹായകരമാകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നടക്കം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ നടത്തുന്ന ഇടപെടലുകൾക്കടക്കം കർശന നിയന്ത്രണം വരുത്തുന്ന നിർദേശങ്ങളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൗരന്മാരുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന നിബന്ധനകളും കരാറിൽ ഉൾപ്പെടുന്നു. ഇന്ത്യയടക്കം എഐ ഉപയോഗം വർധിച്ചു വരുന്ന രാജ്യങ്ങൾ യൂറോപ്യൻ യൂണിയന്റെ അതേ പാത പിന്തുടരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.