പ്രധാനമന്ത്രിയുടെ ദൃശ്യം ചിത്രീകരിക്കാൻ വീട്ടിൽ അതിക്രമിച്ചു കയറി; റിപ്പോർട്ടർക്കും കാമറാമാനുമെതിരെ കേസ്
Thursday, April 4, 2024 6:53 AM IST
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ വീട്ടിൽ അതിക്രമിച്ച് കയറിയ വാർത്താ ചാനലിലെ റിപ്പോർട്ടർക്കും കാമറാമാനുമെതിരെ കേസ്. 61 കാരനായ റിക്ഷാ ഡ്രൈവറായ മഹേഷ് പട്ടേൽ ആണ് പരാതിക്കാരൻ.
സബർബൻ വൈൽ പാർലെയിലെ (കിഴക്ക്) ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ആഭ്യന്തര ടെർമിനലിന് സമീപമുള്ള പേവാഡി എസ്ആർഎ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ പതിനൊന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ ഇരുവരും ബലംപ്രയോഗിച്ച് കയറിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി മുംബൈ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയിൽ നിന്നും സെക്യൂരിറ്റി ഗാർഡിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞതെന്നും താൻ അനുമതി നൽകാതിരുന്നപ്പോൾ ഇരുവരും ബലപ്രയോഗത്തിലൂടെ ഫ്ലാറ്റിൽ പ്രവേശിച്ചതായും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന്റെയും പ്രധാനമന്ത്രി മോദിയുടെയും ദൃശ്യങ്ങൾ ഫ്ലാറ്റിന്റെ ജനലിൽ നിന്ന് 15 മിനിറ്റോളം അവർ ചിത്രീകരിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 448 (വീട്ടിൽ അതിക്രമിച്ച് കടക്കൽ), 188 ,323, 34 എന്നിവ പ്രകാരം വിലെ പാർലെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.